ഒരു പൂവിതൾ തേടി
അദ്ധ്യായം 1 സൂര്യകാന്തിപ്പൂക്കൾ നിറഞ്ഞ പൂന്തോട്ടം - അതായിരുന്നു അവളുടെ സ്വപ്നം! അവൾ ചൈത്ര. പൂക്കളുടെ നൈർമല്യവും സുഗന്ധവും പേറി പാറിപ്പറന്നു നടക്കുന്ന ഒരു ചെറുതുമ്പിയെപ്പോലെയാണ് അവൾ. ജീവിതം ഒറ്റയ്ക്ക് കരുപ്പിടിപ്പിച്ച യുവതി. ഇന്ന് അവൾ മേലത്തൂർ ഗ്രാമത്തിൽ പൂക്കച്ചവടം നടത്തി വരുന്നു. വഴിയേ പോകുന്നവരോട് കുശലാന്വേഷണം നടത്തിയും ചെറു തമാശകൾ പറഞ്ഞും അവൾ ജീവിതത്തിന്റെ രസം കണ്ടെത്തുന്നു. അവളുടെ കച്ചവടത്തിനും അത് തെല്ലുന്നുമല്ല സഹായമാകുന്നത്. അങ്ങനെ ഇരിക്കെ ഒരു ദിവസം പതിവ് പോലെ അവൾ രാവിലെ കടയിൽ ഇരിക്കുകയായിരുന്നു. കുറെ കുട്ടികൾ സ്കൂളിൽ പോകാൻ നിൽക്കുന്നു. പെട്ടെന്ന് മഴ പെയ്തു തുടങ്ങി. ഉടൻ തന്നെ അവൾ പൂക്കൾ എല്ലാം മൂടി വെച്ചു. അപ്പോഴാണ് ബസ്റ്റോപ്പിലേക്ക് ഓടി വന്ന ഒരു കുട്ടി താഴേക്ക് വീഴുന്നത്. അവൾ അവനെ എടുത്തു ഒരു പൂവ് കൊടുത്തു ആശ്വസിപ്പിച്ചു. പൊടുന്നനെ വലിയ വേഗത്തിൽ ഒരു പോലീസ് ജീപ്പും പുറകിലായി ഒരു കാറും പാഞ്ഞു വരുന്നു. ടയറിൽ നിന്നും തെറിച്ച ചെളി കുട്ടിയുടെയും ചൈത്രയുടെയും ദേഹത്ത് പതിക്കുന്നു. അവൾ ദേഷ്യത്തോടെ വാഹനത്തിന്റെ പിറകെ പാഞ്ഞടുക്കുന്നു. അതിൽ 'കളക്ടർ' എന്ന് എഴുതിയിട്ടുണ്ടായിരുന്നു. ...